ഒരുപാട് പേടി. അതിൽനിന്നു രക്ഷക്കെന്നപോലെ ഒരുപാട് വിശ്വാസങ്ങൾ. വിശ്വാസങ്ങൾ അനുസരിപ്പിക്കുന്ന കുറേ ചിട്ടകൾ. അതായിരുന്നു അയാൾ. അയാളുടെ ചെറിയ ചെറിയ ചിട്ടകൾ പോലും ഒരിക്കലും തെറ്റിയിരുന്നില്ല. കാരണം അത് തെറ്റുംപോളുണ്ടാകുന്ന ഭയം അയാൾക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ലാ ..
അയാളുടെ ചിട്ടകളും വിശ്വാസങ്ങളും അതിരാവിലെത്തന്നെ തുടങ്ങും. സൂര്യനുദിക്കുന്നതിനു മുന്നേ എന്നും അയാളുണരും. പുലർച്ച ഇരുട്ടിലേക്ക് കണ്ണ് തുറക്കുന്നത് അയാൾക്ക് ഭയമായിരുന്നു. ഉണർന്നാലും സൂര്യവെളിച്ചം കണ്ണിൽ പതിയുന്നത് വരെ കണ്ണ് മിഴിക്കാതെ അങ്ങനെ കിടക്കും. ചില ദിവസങ്ങളിൽ അയാൾ അല്പം നേരത്തെ ഉണരും. സൂര്യ വെളിച്ചം കണ്ണിൽ പതിയാൻ താമസിക്കുന്ന ഓരോ നിമിഷവും അയാളുടെ മനസ്സിലെ ഭയം വർദ്ധിക്കും .. ശ്വാസമടക്കി അനങ്ങാതെ ആകുലതയോടെ സൂര്യനെയും കാത്ത് അയാൾ അങ്ങനെ കിടക്കും ..
ഒരുദിവസം പതിവില്ലാതെ പാതി മയക്കത്തിലാണ് അയാളുണർന്നത് . വെളിച്ചത്തിനുവേണ്ടി അയാൾ കാത്തുകിടന്നു. സൂര്യന് വേണ്ടിയുള്ള കാത്തിരുപ്പ് പതിവിലും നീളുന്നത് പോലെ അയാൾക്ക് തോന്നി. മനസ്സിലുള്ള ഉത്കണ്ഠ കൂടിക്കൂടി വന്നു.. പക്ഷെ ഇത്തവണയെന്തോ അത് അയാളെ അസ്വസ്ഥപ്പെടുത്തിയിരുന്നില്ല ..
സമയം അനന്തതയിലേക്ക് നീണ്ടു നീണ്ടു പോവുകയായിരുന്നു. ശ്വാസമടക്കി അനങ്ങാതെ അയാൾ അങ്ങനേ കിടന്നു. വീണ്ടുമൊരു സൂര്യവെളിച്ചവും കാത്ത് ...
സമയം അനന്തതയിലേക്ക് നീണ്ടു നീണ്ടു പോവുകയായിരുന്നു. ശ്വാസമടക്കി അനങ്ങാതെ അയാൾ അങ്ങനേ കിടന്നു. വീണ്ടുമൊരു സൂര്യവെളിച്ചവും കാത്ത് ...