Friday, 31 January 2014

എന്റെ തലയണ ...

അങ്ങനെ വീണ്ടും ബംഗ്ലൂരിൽ തന്നെ എത്തി ... ബാംഗ്ലൂരിൽ വരാൻ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ... കല്യാണം കഴിയാതെ അവശേഷിക്കുന്ന രണ്ടു നല്ല കൂട്ടുകാർ ഇവിടുണ്ട്. അതുകൊണ്ടുതന്നെ ഒരു ജോലി കിട്ടുന്നത് വരെ വാടക കൊടുക്കാതെ ഇവിടെ കൂടാം ... പിന്നെ ഒരുപാട് കമ്പനി ഒക്കെ ഉള്ളതല്ലേ... എവിടേലും കേറിപ്പറ്റാൻ എളുപ്പമായിരിക്കും ..

ജീവിതം ഒരെട്ടുവർഷം പുറകിലോട്ടു പോയ പോലെ ..

ഇവന്മാര് താമസിക്കുന്നത് ഒരു 2BHKയിലാണ് ... രണ്ടു പേർക്കും ഓരോരോ മുറി ... പണ്ട് ഹോസ്റ്റലിൽ രണ്ട് കട്ടിൽ അടുപ്പിച്ചിട്ട് നാല് പേര് കിടക്കുന്ന പരിപാടി ഒന്നും ഇപ്പൊ നടക്കില്ലാ എന്ന് മനസ്സിലായി ... ഹാളിൽ ഒരു നല്ല കട്ടിലുണ്ട് ... അവിടെയാണേ ടീവിയുമുണ്ട് .. ഞാൻ കട്ടിലിന്റെ അടിയിൽ എന്റെ ബാഗുകൾ വെച്ചു ... ആ ഹാൾ എന്റെ മുറിയാക്കാൻ തീരുമാനിച്ചു ..

അന്ന് വൈകീട്ട് വെള്ളമടി ... രണ്ടു വർഷത്തിനു മീതെ ആയിട്ടുണ്ടാവും ഞാൻ മദ്യം തൊട്ടിട്ട് ... അതുകൊണ്ടു തന്നെ ഒറ്റ പെഗ്ഗിൽ ഞാൻ പൂസായി ... പൊളിഞ്ഞ ബിസിനെസ്സും നഷ്ടവും ഒക്കെയായി ഞാൻ എന്റെ സെന്റി തുടങ്ങി ... പിന്നെ ഞാൻതന്നെ അതൊക്കെ എങ്ങനെയോ നിർത്തി ... സെന്റിക്കൊന്നും ഇപ്പൊ പഴയ മാർക്കററ്റില്ലാ എന്നൊരു തോന്നൽ ...

വെള്ളമടിയുടെ ഇടയിലാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത് ... അവന്മാർക്ക് രണ്ടു പേർക്കും ഗേൾ ഫ്രെണ്ട്സ് ഉണ്ട് ..! തുല്യ ദുഖിതരെത്തേടി നാടു വിട്ടു വന്ന എന്നിക്കു കിട്ടിയ ആദ്യത്തെ ഷോക്ക് ... ! പിന്നെ അവന്മാരുടെ ഓരോരോ കഥകൾ ഇങ്ങനെ പറഞ്ഞു തുടങ്ങി ... ഇതൊക്കെ കേട്ട് അസൂയയും വിഷമവും ഒക്കെ കൂടി ഒരു പ്രത്യേകതരം വികാരം ... അത് മുഖത്ത് വരാതെ കൂൾ ആയിരിക്കാൻ ഞാൻ പെട്ട പാട് ..... "ഇതൊക്കെ വെറും പുളുവാടാ" എന്നാരോ എന്നെ ആശ്വസിപ്പിക്കാൻ മനസ്സിന്റെ ഉള്ളിൽ നിന്നും പറയുന്നുണ്ടായിരുന്നു .. എന്നാലും മനസ്സിലെ ആ തീ ഓരോ കഥ പറയുമ്പോഴും കൂടിക്കൂടി വന്നു ....

അതികം താമസിക്കാതെ അവർ ഒരു ഞെട്ടിക്കുന്ന കാര്യം കൂടെപ്പറഞ്ഞു ... എല്ലാ ശനി ഞായർ ദിവസങ്ങളിൽ ആ പെണ്‍കുട്ടികൾ ഇവിടെ ഈ വീട്ടിൽ വരുമത്രേ .... "ഇതൊക്കെ വെറും പുളുവാടാ" എന്ന് നേരത്തെ പറഞ്ഞ ആ പുള്ളി പിന്നൊരക്ഷരം മിണ്ടീട്ടില്ലാ ... ഈ വരുന്ന ആഴ്ചാവസാനം ഇവന്മാര് ഈ പറഞ്ഞതൊക്കെ നേരിട്ട് കാണേണ്ടി വരുമല്ലോ എന്നോർത്ത് ഒരു സമാധാനവും വന്നില്ല എനിക്ക് ... അവിടെ വിട്ടു എവിടേലും പോയാ മതി എന്ന് തോന്നി ... പക്ഷെ എവിടെ പോകാൻ ? ഇതൊക്കെ കണ്ടിരുന്നേ പറ്റൂ ...

ജീവിതം ഇത്രയൊക്കെയായിട്ടും കയ്യിലാണേ ഒന്നുമില്ല .. പേരിനുപോലും ഒരു പെണ്ണില്ലാ ....... അന്നാ വെള്ളമടി കഴിഞ്ഞപ്പോ മനസ്സാകെ അസ്വസ്ഥമായിരുന്നു ... ഉള്ള കോംപ്ലെക്സ് ഒക്കെ പുറത്തു വന്നു ... 

വെള്ളമടി കഴിഞ്ഞപ്പോഴേക്കും നേരം വളരെ ഇരുട്ടി ... അവന്മാർ അവന്മാരുടെ മുറിയിൽ പോയിക്കിടന്നു ... ഞാൻ എന്റെ കട്ടിലിൽ വന്നിരുന്നു ... ഒരുപാട് നേരം ഞാൻ എന്തൊക്കെയോ ആലോചിച്ചിരുന്നു ... ഇത്തിരി കഴിഞ്ഞു കിടക്കാറായപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് .. അവിടെ കട്ടിലിൽ രണ്ടു തലയണയുണ്ട് ! ... ആരോ അറിഞ്ഞു കൊണ്ടിട്ടപോലെ ... രണ്ടു തലയണ എനിക്കിഷ്ടമാണ് ... ഒന്ന് തലയിൽ വെക്കും ... മറ്റേതു കെട്ടിപ്പിടിച്ചു കിടക്കും ... ഇവിടെ ഒരെണ്ണം കട്ടിയില്ലാത്ത പതിഞ്ഞ തലയണ ആയിരുന്നു ... മറ്റേതു തടിച്ചു സ്പൊഞ്ചുള്ള വെള്ള തലയണ ... കട്ടിയില്ലാത്ത തലയണ തലയിൽ വെച്ച് വെള്ള തലയണ നെഞ്ചത്തോട് ചേർത്ത് ഇറുക്കി കേട്ടിപ്പിടുച്ച് ഞാൻ കിടന്നു ... നല്ല സുഖം .. നെഞ്ചിൽ നിന്നും അസൂയകളും വിഷമങ്ങളുമെല്ലാം ആ തലയണ വലിച്ചെടുക്കുന്നത് പോലെ ... എനിക്കാ വെള്ള തലയണയെ ശരിക്കും ഇഷ്ടപ്പെട്ടു ... പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവൾ എനിക്ക് ചെറിയൊരാശ്വാസമായിരുന്നു ...

കാത്തിരുന്ന ശനിയാഴ്ച സമാഗതമായി .... ഉച്ചയായപ്പൊഴേക്കും കൂട്ടുകാർ അവരുടെ കാമുകിമാരെയും കൊണ്ട് വീട്ടിലെത്തി .. രണ്ടുപേരേയും കാണാൻ നല്ല രസം .. ഭാഗ്യവാന്മാർ .. എല്ലാരും കൂടെ കുറെ നേരം എന്തൊക്കെയോ സംസാരിച്ചിരുന്നു ... രണ്ടു പെണ്‍കുട്ടികളും തമിഴാണ് ... കുറച്ചു കഴിഞ്ഞു അവര് നാല് പേരും കൂടെ കറങ്ങാൻ പുറത്തു പോയി ... എന്നോടും വരാൻ കുറെ നിര്‍ബന്ധിച്ചു ... പക്ഷെ ഞാൻ പോയില്ലാ .. അവർ രാത്രി ഒരേഴുമണി ആയപ്പോഴേക്കും തിരിച്ചു വന്നു ... പിന്നെ ഒരു ബഹളമയമായിരുന്നു ... പാചകവും ചിരിയും കളിയും ഒക്കെയായി ഹോ ! ... ഇതിലൊന്നും എനിക്ക് വല്യ റോൾ ഉണ്ടായിരുന്നില്ല .. ഞാൻ വെറും കാഴ്ചക്കാരൻ .. എന്തൊക്കെപ്പറഞ്ഞാലും അന്ന് രാത്രി നല്ല ഭക്ഷണം കിട്ടി ... കബാബും പുലാവും ഒക്കെയായി മനസ്സ് നിറയെ കഴിച്ചു ... എല്ലാവരും കൂടെയിരുന്ന ചർച്ചകളും തമാശകളും ... ഞാനും അതിൽ ഉൾപ്പെടാൻ പരമാവതി ശ്രമിച്ചു .. അവരാരും എന്നെ ഒരസൌകര്യമായി കണ്ടില്ലാ ... എന്നിട്ടും എന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന ആ അസൂയ മെല്ലെ മെല്ലെ പുറത്തു വന്നു ... ഞാൻ അതിനെ കടിഞ്ഞാണിടാൻ കിണഞ്ഞു പരിശ്രമിച്ചു .. പക്ഷെ നടന്നില്ല ...

രാത്രി ഒരു പന്ത്രണ്ടര ആയപ്പോഴേക്കും കലാപരിപാടികൾ ഒക്കെ തീർന്നു ... കൂട്ടുകാർ കാമുകിമാരെയും കൂട്ടി മുറിയിലോട്ടു പോയി .. ഞാൻ ഹാളിൽ എന്റെ കട്ടിലിൽ വന്നിരുപ്പായി ... മുറിയിൽ നിന്നും ചിരിയുടെ ശബ്ദം ... അസൂയയാണ് ലോകത്തിലെ ഏറ്റവും വില്യ അസ്വസ്ഥത എന്ന് എനിക്കന്ന് ബോധ്യമായി ...

എനിക്കാശ്വാസമായി വെള്ള തലയണ ഉണ്ടായിരുന്നു എന്റൊപ്പം ... ഞാനവളെ ഇറുക്കി കെട്ടിപ്പിടിച്ച് ലൈറ്റ് ഓഫാക്കി കിടന്നു .. സുഖം ... പെട്ടന്ന് ഉള്ളിൽ ആരോ വാതിൽ തുറക്കുന്ന സബ്ദം കേട്ട് ... ഞാൻ എഴുന്നേറ്റിരുന്നു ... ഒരുത്തൻ ഹാളിൽ വന്നു ലൈറ്റിട്ടു ..

"എന്തെ ??" ഞാൻ ചോതിച്ചു ...

"ഇവിടെ എന്റെ ഒരു തലയണ ഉണ്ടായിരുന്നല്ലോ ... ?"

ഞാൻ പുതപ്പു മാറ്റി ...

വെള്ള തലയണ കണ്ടതും അത് നോക്കി കൈനീട്ടി അവൻ പറഞ്ഞു "ഇത് തന്നെ ... അതിങ്ങ്‌ തര്വോ ???"

ഞാൻ ഒരു നിമഷം അവന്റെ കയ്യിലോട്ട് നോക്കി .. എന്നിട്ട് ആ തലയണ എടുത്ത് അവന്റെ കയ്യിലോട്ട് വെച്ച് കൊടുത്തു ...

ഒരു താങ്ക്സും പറഞ്ഞ് അവൻ ഉള്ളിലോട്ടു പോയി വാതിലടച്ചു ...

ഞാൻ ലൈറ്റോഫാക്കി വന്നു കിടന്നു .. കണ്ണ് തുറന്നു ഉത്തരത്തിൽ നോക്കി കുറേ നേരം ഞാൻ അങ്ങനെ കിടന്നു.. എന്തുകൊണ്ടോ എന്തോ ആ നിമിഷം മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ നിന്നും ഒരു ചിരി എന്റെ മുഖത്ത് വന്ന് പൊട്ടി വിരിഞ്ഞങ്ങുപോയി ...

Wednesday, 29 January 2014

എന്റെ പ്രചോതനം ... രഹുൽജി

ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ശരി .. ശ്രീ രാഹുൽ ഗാന്ധി എന്ന വ്യക്തി ഇന്ന് എനിക്ക് ഒരു വലിയ പ്രചോതനം തന്നെയാണ് ... എന്തുമാത്രം ത്യാഗങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത് .. 

ആവശ്യത്തിനു ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഒക്കെയുള്ള ഒരു ശരാശരി വ്യക്തിയുടെ ആഗ്രഹം തനിക്കു താല്പര്യമുള്ള മേഖലയിൽ പണിയെടുക്കുക എന്നായിരിക്കും ... പക്ഷെ ഒരുവിധം ആൾക്കാർക്കൊന്നും അതിനു പറ്റാറില്ല .. നാളത്തെ കുറിച്ചുള്ള ചിന്ത നമ്മളെ ഇഷ്ടമില്ലാത്ത ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നു ... സ്വന്തം ഇഷ്ടങ്ങൾ മനസ്സിന്റെ ഉള്ളിൽ എവിടെയോ കുഴിച്ചിട്ട് അവർ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു ... ഇഷ്ടമല്ലാത്ത ഉത്തരവാതിത്വം ചുമലിൽ താങ്ങി .... അങ്ങനെയങ്ങനെ ...

അത്തരത്തിലുള്ള ഒരാളാണ് ഞാനും ... ഇടക്കിടക്ക് എനിക്ക് തോന്നുമായിരുന്നു വലിയ കാശുള്ള കുടുംബത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ത് നന്നായേനെ എന്ന് ... പക്ഷെ ഇപ്പൊ തോന്നുന്നു ആ ചിന്തയൊക്കെ വെറുതെയാണെന്ന് ...

ശ്രീ രാഹുൽ ഗാന്ധി നല്ല കാശുള്ള കുടുംബത്തിലാണ് ജനിച്ചത്‌ ... പക്ഷെ എന്ത് ചെയാൻ .. സ്വന്തം താല്പര്യം എന്താന്ന് കണ്ടുപിടിക്കാനുള്ള സാവകാശംകൂടി കിട്ടിക്കാണില്ല .. അച്ഛന്റെ മുഖച്ഛായയും ഗാന്ധി എന്ന പേരും ഉള്ളതുകൊണ്ട് എല്ലാരും ആ പാവത്തെ രാഷ്ട്രീയത്തിൽ ഇറക്കി ... ഈ ഗുണങ്ങളൊക്കെക്കാരണം കുറേ വോട്ടു കിട്ടും എന്നുള്ളത് കൊണ്ട് എല്ലാരും പിടിച്ചു പുള്ളിയെ ഒരു നേതാവാക്കി ....

രാഹുൽജിക്ക് രാഷ്ട്രീയത്തിൽ വല്യ താല്പര്യം ഇല്ലാ എന്നറിയാൻ കവടി നിരത്തി നോക്കേണ്ട ആവശ്യം ഒന്നുമില്ലാ ... പിള്ളിയുടെ വർത്തമാനത്തിൽ നിന്നും നമുക്കൊരു കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ .. ഒരു ശരാശരി ബുദ്ധിയുള്ള ആള് പത്തുവർഷത്തിൽ കൂടുതൽ രാഷ്ട്രീയത്തിൽ ഇരുന്നാൽ ... രാഷ്ട്രീയത്തിൽ എന്നല്ല ഏതു മേഖലയിൽ ഇരുന്നാലും അതിനെക്കുറിച്ച് അത്യാവശ്യം നല്ല അറിവ് കാണും ... പക്ഷെ രാഹുൽ ഗാന്ധിക്ക് ഈ രാഷ്ട്രീയ വിവരം വളരെ കുറവാണ് .. അത് അദ്ദേഹം മണ്ടനായത് കൊണ്ടൊന്നുമല്ല ... പുള്ളിക്ക് താല്പര്യമില്ല ... പുള്ളി അതിനു മെനക്കെട്ടില്ല.. അത്രതന്നെ ...

ഇഷ്ടമില്ലാത്ത ജോലി മനസ്സിൽ ഉണ്ടാക്കുന്ന വേദന ആ ജോലി തരുന്ന ഉത്തരവാതിത്വത്തിനനുസരിച്ച് കൂടും എന്നതാണ് വാസ്തവം ... രാഹുൽജിക്ക് കിട്ടാറുള്ള അല്ലെങ്കിൽ എൽപ്പിക്കാപ്പെടാറുള്ള ഉത്തരവാതിത്വം ചില്ലറയൊന്നുമല്ല .... ഉള്ളിന്റെ ഉള്ളില പുള്ളി കിടന്നു പിടയുന്നുണ്ടാവും ... പാവം ... ഇത്തരം സന്ദർഭങ്ങളിൽ ഒരു ശരാശരി വ്യക്തിക്ക് ഒരിത്തിരി റിസ്ക്‌ എടുത്താലും തനിക്കിഷ്ടമുള്ള മേഖലയിൽ പ്രവേശിക്കാൻ പറ്റും .. അല്ലെങ്കിൽ അങ്ങനെ ഒരു പ്രതീക്ഷയെങ്കിലും കാണും ... പക്ഷെ നമ്മുടെ രഹുൽജിക്കോ ... അങ്ങനെ ഒരു മാറ്റം ഇനി പുള്ളി വിചാരിച്ചാലും നടക്കാൻ വലിയ പാടാണ് ... അതുകൊണ്ടുതന്നെ ഇഷ്ടമില്ലാത്ത ജോലി ചെയ്ത് നിരാശയും സംഘര്‍ഷവും അനുഭവിക്കുന്ന ഒരുപാട് പേർക്ക് ആശ്വാസമാണ് ശ്രീ രാഹുൽജി ...

പുള്ളിയുടെ ഓരോ ദിവസവും എന്തുമാത്രം സംഘർഷമുള്ളതായിരിക്കും ! എത്രയെത്ര വ്യത്യസ്തമായ ആൾകാരെ ദിവസവും കാണണം .. തന്നെ പുകഴ്‌ത്താനും ഉപദേശിക്കാനും ചുറ്റിനും ആൾകാർ ഉണ്ടെങ്കിൽ കൂടി കഴിവില്ലാത്തവൻ എന്ന് പ്രമുഖ മാധ്യമങ്ങളടക്കം ഒരു വലിയ വിഭാഗം ആൾകാർ പറയുന്നത് കേട്ടാണ് പുള്ളിയുടെ ഓരോ ദിവസവും കടന്നു പോകുന്നത് .. ഇതൊന്നും വകവെക്കാതെ ആത്മാഭിമാനം ഒട്ടും നഷ്ടപ്പെട്ടതായി കാണിക്കാതെ മുഖത്തൊരു ചിരിയുമായ് പിള്ളി എന്നും ഈ രാജ്യത്തെ അഭിമുഖീകരിക്കുന്നു ... ഇതൊക്കെ വെച്ച് നോക്കുമ്പോൾ എന്റെയൊക്കെ ജീവിതം എന്ത് സുഖകരം ... !

ദൈവത്തിന്റെ ഒരിടപെടൽ ഇവിടെ ഒരു രക്ഷകനായി എത്തിയേക്കാം ... എല്ലാവരും ഒന്ന് ആഞ്ഞ് പ്രാർഥിച്ചാൽ ഒരുപക്ഷെ രാഹുൽ ഗാന്ധി അമേത്തിയിൽ പരാച്ചയപ്പെടും ... അങ്ങനെയാണെങ്കിൽ അതൊരു രക്ഷപ്പെടലാണ് ... ഭാരതം അനുഭവക്കുറവുള്ള നേതാവിന്റെ കയ്യിൽനിന്നും രക്ഷപ്പെട്ടു എന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്താം ... എന്നാൽ അതോടൊപ്പം രക്ഷപ്പെടാൻ പോകുന്നത് ശ്രീ രാഹുൽ ഗാന്ധിയും കൂടെയാണ് .... തന്റെ താല്പര്യത്തിനനുസരിചുള്ള മേഖല തിരഞ്ഞെടുക്കാനുള്ള ഒരു ചെറിയ അവസരം പുള്ളിക്കവിടെ ലഭിക്കും ... തന്റെ ജീവിതം അർത്ഥപൂർണമാക്കാനുള്ള പ്രതീക്ഷയുടെ ഒരു നേരത്ത വെളിച്ചം പുള്ളിക്ക് അവിടെ കാണാൻ കഴിയും ...

നമുക്കെല്ലാവർക്കും ആ സുദിനത്തിനു വേണ്ടി പ്രാർഥിക്കാം .......

Tuesday, 28 January 2014

എന്റെ വ്യക്തിത്വ വികസനം

എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് ... ഞാൻ തന്നെ ചെന്നുപെട്ട അവസ്ഥ ആയത് കൊണ്ട് എനിക്ക് ഇന്ന് ഓർക്കുമ്പോൾ ഒരു തമാശ ആയിട്ടാണ് തോന്നുന്നത് ... എനിട്ടും ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാ ...

ജന്മനാ അന്തർമുഖനായിരുന്ന എനിക്ക്. ആൾക്കാരുമായി ഇടപെഴുകാൻ വല്യ പാടായിരുന്നു. ഈ അവസ്ഥ എനിക്ക് തീരെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇതിൽ നിന്നും രക്ഷപ്പെടാൻ ഞാൻ വളരെയാതികം പരിശ്രമിച്ചിരുന്നു. അതിനു ഞാൻ കണ്ട ഒരു പ്രധാന വഴി മറ്റുള്ളവരെ അനുകരിക്കുകാ എന്നതാണ് ...
എന്റെ കൂടെ പഠിച്ച ഒരുത്തനുണ്ട് .. അവൻ ആണേ ആള് വൻ സോഷ്യലാ ... അവന്റെ ഒരു പ്രത്യേകത അവൻ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരേ പോലെ പെരുമാറും എന്നുള്ളതാണ് ... നമ്മുടെ ഹോസ്റ്റലിൽ ഒരു സെക്യൂരിറ്റി ഉണ്ട് ... ആ സെക്യൂരിറ്റിയോട്  അവൻ പെരുമാറുന്നത് വളരെ സ്നേഹത്തോടെ ആണ് ... അതിപ്പോ സെക്യൂരിറ്റിയോട് മാത്രമല്ല ടീച്ചർമാരോടും ഞങ്ങൾ കൂട്ടുകാരോടും എല്ലാം അവൻ ഒരേ പോലെ ആണ് ...   അവനെ അനുകരിച്ചാൽ രക്ഷപ്പെടും എന്ന് എനിക്ക് തോന്നി ... ഞാൻ കുറെ ശ്രമിച്ചു..  പക്ഷെ പറയുന്നത്ര എളുപ്പമല്ലായിരുന്നില്ലാ എനിക്ക് കാര്യങ്ങൾ .... ശ്രമങ്ങൾ ഒരുവിതം എല്ലാം തന്നെ പാളി .. ഒരു അന്തർമുഖനായിതന്നെ ഞാൻ എന്റെ കോളേജ് ജീവിതം തീർത്തു ..

അതികം താമസിയാതെതന്നെ എനിക്കൊരു ജോലി കിട്ടി ..  ആദ്യത്തെ മാസം താമസം കമ്പനി ഒരു ഹോട്ടലിൽ ആണ് എനിക്ക് ഏർപ്പാടാക്കിയത് .. അതികം ആരോടും മിണ്ടാതെ കമ്പനി ജോലി അങ്ങനെ മുന്നോട്ടു പോകുന്നത് അത്ര പന്തിയല്ലാ എന്ന് എനിക്ക് തോന്നി തുടങ്ങി .. ഞാൻ എന്റെ കൂട്ടുകാരനെ ഓർത്തു ... ഞാൻ താമസിക്കുന്ന ഹോട്ടലിൽ ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു. ഒരു അൻപതു വയസ്സിനു മീതെ കാണും ...  ഒരു ദിവസം ഞാൻ ഓഫീസിൽ പോണതിനു മുന്നേ ഞാൻ പുള്ളിയെ പരിചയപ്പെട്ടു ... പിന്നീട് കാണുമ്പോഴോക്കെ വർത്തമാനം പറയും ... പുള്ളിക്ക് എന്റെ സ്വഭാവം ഇഷ്ടപ്പെടുന്നത് പോലെ എനിക്ക് തോന്നി .. ആൾക്കാരുമായി ഇടപെഴുകാൻ അത്ര വല്യ പാടൊന്നുമില്ലാ എന്നെനിക്കു തോന്നി തുടങ്ങിയിരുന്നു ...

ചില ദിവസങ്ങളിൽ ആ സെക്യൂരിറ്റി ചേട്ടൻ എന്നോട് വർത്തമാനം പറയുമ്പോൾ എന്റെ കൈകളിൽ പിടിക്കുമായിരുന്നു .. അത് ഒരു പന്തികേടായി തോന്നിയെങ്കിലും ഞാൻ അത് കാര്യമാക്കാതിരിക്കാൻ ശ്രമിച്ചു ... ഒരു ദിവസം ആ പുള്ളി വർത്തമാനം പറഞ്ഞു കൊണ്ടിക്കുംപോൾ പുള്ളി പുള്ളിടെ ഒരു കൈ എന്റെ തോളത്ത് വെച്ചു ... ഞാൻ നോക്കികൊണ്ടിരിക്കേ കൈ മെല്ലെ താഴോട്ടു ഒഴുകി എന്റെ വയറിൽ എത്തി ... പിന്നേയും കൈ താഴോട്ട് !!! ...  ഞാൻ ഞെട്ടി ! കുതറി പിന്നോട്ട് മാറി ... ആകെ പരിഭ്രമിച്ചു ഞാൻ പറഞ്ഞു പോയി "ഇതെന്താ ഇത്! ഞാൻ അത്തരക്കാരാൻ അല്ലാ !" ... ഞാൻ മുറിയിലോട്ടു പോയി കതകടച്ച് ഇരുന്നു .. ഞാൻ ശരിക്കും പേടിച്ചിരുന്നു ...

വീണ്ടും ഒരു പത്തു ദിവസത്തോളം എനിക്ക് ആ ഹോട്ടലിൽ താമസിക്കേണ്ടി വന്നു ... ആ സെക്യൂരിറ്റി എങ്ങാനും ഉണ്ടെങ്കിൽ ആ ഗേറ്റ് കടന്നു പോവാൻ ഞാൻ ശരിക്കും പേടിച്ചിരുന്നു .. ആ പേടി മാസങ്ങളോളം എന്റെ മനസ്സിൽ ഉണ്ടായിരുന്നു ...

ഇന്നാലോചിക്കുമ്പോൾ ആ പേടിച്ചതൊക്കെ ഒരു തമാശ ആയിട്ടാണ് എനിക്ക് തോന്നുന്നത് ... അവശേഷിക്കുന്നത് ഒരു ജാള്യത മാത്രം ... career developmentനു സ്വയം തിരഞ്ഞെടുത്ത ഒരു രീതി വമ്പൻ നിലയിൽ പരാചയപെട്ട ഒരു ജാള്യത ..



Monday, 27 January 2014

Times Now - ശ്രീ Rahul Gandhi

ഇന്ന് Times Nowൽ ശ്രീ രാഹുൽ ഗാന്ധിയുടെ ഇന്റർവ്യൂ കണ്ടു ... നല്ല രസമായിരുന്നു കാണാൻ ... അതിലെ ചില പ്രസക്ത ഭാഗങ്ങൾ ...

ചൊ 1: 2002 കലാപത്തിൽ മോഡിക്ക് പങ്കുണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ ?
ഉ: കോണ്‍ഗ്രസ്സും BJPയും ആശയപരമായി വളരെ അന്തരമുണ്ട് ... 
എനിക്ക് ഈ മൊത്തം സിസ്റ്റം മാറ്റണം ... യുവാക്കൾക്ക് അവസരം നൽകണം ... സ്ത്രീകളെ ശക്തരാക്കണം ... പിന്നെ അധികാരവികേന്ദ്രീകരണം നടക്കണം ... അധികാരം താഴെ തട്ടിൽ വരെ എത്തണം ..

ചൊ 2: അഴിമതിയെ ശക്തമായി എതിർക്കുന്ന താങ്കൾ .. ആദർശ് കുംഭകോണത്തിൽ എന്ത് നിലപാടാണ് എടുത്തത്‌ ...
ഉ: അതെ ഈ സിസ്റ്റം ...
എനിക്ക് ഈ സിസ്റ്റം മാറ്റണം ... യുവാക്കൾക്ക് അവസരം നൽകണം ... സ്ത്രീകളെ ശക്തരാക്കണം ... പിന്നെ അധികാരവികേന്ദ്രീകരണം നടക്കണം ... അധികാരം താഴെ തട്ടിൽ വരെ എത്തണം ..

ചൊ 3: 1984 കലാപത്തിൽ പാർട്ടിക്ക് വേണ്ടി താങ്കൾ മാപ്പ് പറയുമോ ?
ഉ: എനിക്ക് ഈ മൊത്തം സിസ്റ്റം മാറ്റണം ... യുവാക്കൾക്ക് അവസരം നൽകണം ... സ്ത്രീകളെ ശക്തരാക്കണം ... പിന്നെ അധികാരവികേന്ദ്രീകരണം നടക്കണം ... അധികാരം താഴെ തട്ടിൽ വരെ എത്തണം ..

വിലക്കയറ്റം ... ആപ് ... ലാലു ... തുടങ്ങി ഒരുപാട് വിഷയങ്ങളിൽ ചോദ്യം ഉണ്ടായിരുന്നു ..

ഇത് മൊത്തം കണ്ടപ്പോൾ എന്റെ കോളേജ് ജീവിതത്തിലെ പരീക്ഷാ കാലം ഓർത്തു പോയി ... ആകെ കുറച്ച് വല്ലതുമേ അറിയത്തുള്ളൂ.. എന്നാലും പേപ്പർ മൊത്തം എഴുതും ... അറിയാത്ത ചോദ്യം ആണെങ്കിലും അറിയാവുന്നതൊക്കെ എഴുതും ... ദൈവകൃപയാണോ എന്നറിയില്ല.. ചില പരീക്ഷകൾ ഇങ്ങനെ ജയിക്കറുമുണ്ട്.. രഹുൽജിയും നമ്മളെ പോലൊക്കെ തന്നെയാ .. എന്തു ചോദ്യം ചോദിച്ചാലും പുള്ളിക്കറിയാവുന്ന ഉത്തരം പുള്ളി വയറ് നിറയെ പറഞ്ഞു തരും ... പുള്ളിയും ജയിച്ചാ മതിയായിരുന്നു ... ദൈവം അനുഗ്രഹികട്ടെ ...