ഇന്നലെ വന്ന savefreebasicsന്റെ ഒരു പരസ്യമാണിത്. ഈ സർവ്വേയിൽ പങ്കെടുത്തവരിൽ ചന്ദ്രിക സോപ്പിലെ പരസ്യത്തിലെ അഞ്ചിലെ ആ നാല് കൂട്ടുകാരികളും പിന്നെ Colgate ഉപയോഗിക്കാൻ പറയുന്ന പത്തിലെ ആ ഒൻപതു ഡെന്റിസ്റ്റുകളും മറ്റും ഉണ്ടാവണം. അല്ലെങ്കിൽ Free Basicsന് ഇത്രയും അത്യധികമായ ഒരു ഫലം കിട്ടാൻ യാതൊരു വഴിയും കാണുനില്ല. Net Neutrality അനുകൂലിക്കുന്ന പത്തിൽ ഒൻപതു പേരും free basics അനുകൂലിക്കുന്നുണ്ട് പോലും!!
ഈ പരസ്യം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെപ്പോലെ മനപ്പൂർവമുള്ള തെറ്റിദ്ധരിപ്പിക്കലും ഇന്ദുലേഖയുടെ പരസ്യം പോലെ ശാസ്ത്രീയ കള്ളത്തരവുമാണെന്നു മനസ്സിലാക്കാൻ ഇതിൽ വരുന്ന കമന്റുകൾ വായിച്ചാൽ തന്നെ മതിയാകും.
Free Basics തുടക്കം മുതലേ തെട്ടിദ്ധരിപ്പിക്കുന്നതിലാണ് ശ്രദ്ധ കാണിക്കുന്നത്. ഒരു പരിതി വരെ അവർ അതിൽ വിജയിച്ചു എന്നതന്നെ വേണം കരുതാൻ. കാരണം Digital India പദ്ധതി എന്നാൽ Free Basics ആണെന്നും ഇതൊരു കാരുണ്യ സംരംഭം മാത്രമാണെന്നും ഒരുപാടുപേരെ വിശ്വസിപ്പിക്കാൻ ഫേസ്ബുക്കിന് കഴിഞ്ഞിട്ടുണ്ട്.
നമ്മൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് ഒരുവിധം എല്ലാം തന്നെ ഫ്രീ ആണ്. പിന്നെ ഏത് ഇന്റർനെറ്റാണ് ഫേസ്ബുക്ക് പാവങ്ങൾക്ക് ഫ്രീയായി കൊടുക്കാം എന്ന് പറയുന്നത് ?മാസാമാസം നമ്മൾ കൊടുക്കുന്ന പൈസ Bsnl, Idea, Reliance പോലുള്ള service providersന് ആണ്. ഫേസ്ബുക്ക് അത്തരം ഒരു service provider അല്ലതാനും. കൂടാതെ ഇത്തരം service providerന് കൊടുക്കാൻ ഫേസ്ബുക്കിന്റെ കയ്യിൽ പ്രത്യേകിച്ചൊരു സാങ്കേതിക വിദ്യയും ഇല്ല. പിന്നെ കാശായിട്ട് വല്ലതും ഫേസ്ബുക്ക് സഹായിക്കുന്നതായി അറിവില്ല. സൗജന്യമായി ഇന്റർനെറ്റ് പാവങ്ങൾക്ക് നൽകാൻ ഇന്ത്യക്ക് സാമ്പത്തികമായോ സാങ്കേതികമായോ ഫേസ്ബുക്കിന്റെ ഒരു സഹായവും ആവശ്യമില്ല. യഥാർത്ഥത്തിൽ ഫേസ്ബുക്ക് ഇതു രണ്ടുമല്ല വാഗ്ദാനം ചെയ്യുന്നത്. മറിച്ച് അവർ വാഗ്ദാനം ചെയ്യുന്നത് വെറും ഒരു business model (കച്ചവട തന്ത്രം) മാത്രമാണ്. അതാണ് സൂക്ഷിക്കേണ്ടത്.
Free Basicsന്റെ business modelന്റെ രത്നച്ചുരുക്കം ഇതാണ്. ഫേസ്ബുക്ക് Relianceഉമായി ധാരണയിൽ എത്തി. റിലയൻസിലൂടെ free internet ഉപഭോക്താവിനു കൊടുക്കണം എന്നാൽ ആ ഫ്രീ ഇന്റെർനെറ്റിലെ Data എല്ലാം ഫേസ്ബുക്കിന്റെ സെർവറിലൂടെ ആയിരിക്കണം പോകുന്നത്. ഇങ്ങനെ ചെയ്താൽ Free Basics വഴി internet ഉപയോഗിക്കുന്ന എല്ലാ വിവരവും ഫേസ്ബുക്കിനു നിയന്ത്രിക്കാം. ഇത് പരസ്യത്തിനും വെബ് സൈറ്റ് പ്രചാരണങ്ങൾക്കും മറ്റു ഉപയോഗിച്ച് ലാഭമുണ്ടാക്കാം. ഈ ലാഭത്തിലെ ഒരു വിഹിതം Relianceന് കൊടുത്താൽ അവരും ഹാപ്പി.
ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഇത് നല്ലൊരു കച്ചവട സാധ്യതയാണെങ്കിലും സ്വതന്ത്ര ഇന്റർനെറ്റ് അഥവാ Net Neutrality എന്ന ആശയത്തിന്റെ നേരെ വിപരീതമാണിത്. ഇന്ന് ഒരാൾക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കണമെങ്കിൽ ചുരുങ്ങിയ ചിലവിൽ വളരെ പെട്ടന്ന് ആരുടേയും നിയന്ത്രണമില്ലാതെ സാധിക്കുന്ന ഒരു പരിപാടിയാണ്. ഇത് ഇന്റർനെറ്റ് കണക്ഷനുള്ള ആർക്കും ലഭിക്കുകയും ചെയ്യും. എന്നാൽ Free Basics ഉപബോക്താവിനു ഇതേ വെബ്സൈറ്റ് ലഭിക്കണമെങ്കിൽ ആദ്യം ഫേസ്ബുക്കിന്റെ അനുവാദം വേണം. ഇനി ഫേസ്ബുക്ക് അനുവദിച്ചാൽ തന്നെ എപ്പോ വേണമെങ്കിലും അവർക്ക് ആ അനുവാദം നിരോധിക്കാവുന്നതേയുള്ളൂ. ഈയൊരു രീതി സ്വതന്ത്ര ഇന്റർനെറ്റ് ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു അപകടമായേ കാണാനൊക്കൂ.
നുണ സഹാനുഭൂതി ദേശസ്നേഹം എന്നീ മൂന്ന് ചീട്ടിറക്കിയാണ് ഫേസ്ബുക്ക് ഇപ്പൊ കളിക്കുന്നത്. ലാഭമാണ് ലക്ഷ്യമെന്നു പറയാതെ പാവങ്ങൾക്ക് വേണ്ടിയാണ് ഈ Free Basics എന്ന് പറഞ്ഞാണ് ഫേസ്ബുക്കിന്റെ സഹാനുഭൂതി ചീട്ട്. നമ്മുടെ ജനപ്രിയ പ്രധാനമന്ത്രി മോഡിയെ സൽക്കരിച്ചും പ്രൊഫൈൽ പിക് മാറ്റിയുമാണ് ഫേസ്ബുക്ക് ദേശസ്നേഹം എന്ന വലിയ ചീട്ട് കളിച്ചത്. പിന്നെ ഇത്തരം പരസ്യങ്ങൾ തന്നെയാണ് ഈ നുണ ചീട്ട്.
വലിയ ചിലവില്ലാതെ എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോട് സാങ്കേതികവിദ്യകളും നമ്മുടെ രാജ്യവും അടുക്കുന്ന ഈ കാലഘട്ടത്തിൽ വലിയൊരു ജനവിഭാഗത്തെ നിയന്ത്രിത ഇന്റെർനെറ്റിന്റെ കീഴിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന free basics എന്ന ഈ പദ്ധതിയെ ഞാനും എതിർക്കുന്നു.
