Tuesday, 1 December 2015

സ്വാതന്ത്രം

ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്നത് സ്കൂൾ ആയിരുന്നു   ..  സ്കൂളിൽ പോയില്ലെങ്കിൽ വലിയ എന്തോ ആപത്തു വരും എന്ന് ആരോ പറഞ്ഞ് പിടിപ്പിച്ചത് കൊണ്ട് ഞാൻ ഒരുദിവസം പോലും ക്ലാസ് മുടക്കിയിരുന്നില്ല..  എന്നെങ്കിലും പനിയെങ്ങാനും വന്ന് വീട്ടിലിരിക്കുന്നത് ഒരു പ്രത്യേക സുഖമായിരുന്നു ...
സ്കൂളിൽ ഞാൻ അനുഭവിച്ച ആ വീർപ്പുമുട്ടൽ സ്വാതന്ത്രം ഇല്ലാത്തതിന്റെയാണെന്ന് ബോധം തെളിഞ്ഞു വരുന്ന സമയത്ത് എനിക്ക് മനസ്സിലായിത്തുടങ്ങി ... പക്ഷെ എന്ത് ചെയ്യാൻ.. എന്റെ കാര്യങ്ങൾ ഞാനല്ലല്ലോ തീരുമാനിക്കുന്നത് .. ആരൊക്കെയോ ഉണ്ടാക്കിയ നിയമം മുതിർന്നവർ പറയുന്നതും അനുസരിച്ച് ഞാൻ അങ്ങനെ മുന്നോട്ട് പോയി ... ആ സമയത്ത് മുതിർന്നവരോട് എനിക്ക് വലിയ അസൂയ തോന്നിയിരുന്നു .. അവർക്ക് ഒരു നിയമങ്ങളും ഇല്ല ... ഇഷ്ടമുള്ള പോലെ ജീവിക്കാം ... സർവ സ്വതന്ത്രർ .. ! എത്രയും പെട്ടന്ന് വലുതായ മതി എന്ന് കൂടെക്കൂടെ തോന്നുമായിരുന്നു ...

അതികം താമസിയാതെ തന്നെ ഞാനും വളർന്നു .. പഠിപ്പൊക്കെ കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ വീട്ടുകാരെ എല്ലാം ഞെട്ടിച്ച്‌ ഒരു ജോലിയും കിട്ടി .. വളരെ സന്തോഷത്തോടെ തന്നെ ഒരു രണ്ടുമൂന്ന് വർഷം അങ്ങനെ പോയി .. പിന്നെ മെല്ല മെല്ലെ എനിക്ക് പണ്ടത്തെ സ്കൂളിലെ ഓർമ്മകൾ വന്നു തുടങ്ങി .. അതെ വിമ്മിഷ്ടം .. അതെ സ്വതന്ത്രമില്ലായ്മ .. സ്കൂളിൽ ഒന്പതിനു പോയിക്കഴിഞ്ഞാ നാലിന് വീട്ടിൽ എത്താം .. ഇതിപ്പോ ജോലി അതിലും കഷ്ടമാണ് .. ചുരുങ്ങിയത് ആറ് വരെയെങ്കിലും ഇരിക്കണം .. പണ്ട് വല്ലപ്പൊഴുമായിരുന്നു പരീക്ഷ .. ഇതിപ്പോ ദിവസവും പരീക്ഷ .. നമ്മൾ ചെയ്യുന്നത് ഇടക്കിടക്ക് ആരേലും എന്തേലും ചോതിച്ചുകൊണ്ടേയിരിക്കും ... ലീവ് എടുക്കുമ്പോ നേരത്തെ പറയണം .. എന്നിട്ട് ലീവിന്റെ തലേ ദിവസം പറയണം .. എന്നിട്ടും ചിലപ്പോ പോവാൻ പറ്റില്ലാ .. സ്കൂൾ പിന്നെയും എത്രയോ ഭേദമാണെന്ന് തോന്നി തുടങ്ങി .. പഠിപ്പ് ഒരു 18 വർഷ കൊണ്ട് തീർന്നു .. പക്ഷെ ഈ ജോലി ? അതെത്രയാ എന്നൊരു പിടിയും ഇല്ലാ ...

എന്റെ ജീവിതത്തിന്റെ ചെറിയ ഒരു ശതമാനം പോലും എന്റെ നിയന്ത്രണത്തിലല്ലാ എന്ന് തോന്നി തുടങ്ങിയപ്പോ എനിക്ക് വല്ലാതെ വിഷമം വന്നു .. ഞാൻ എന്റെ വിഷമം അമ്മയോട് പറഞ്ഞു .. അമ്മ അച്ഛനോടും .. നല്ല ശമ്പളം കിട്ടുന്നത് വലിയ കാര്യമാണെന്നും സമൂഹത്തിൽ പൈസ ഇല്ലാതെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുള്ളവർ നമ്മുടെ ചുറ്റിനും ഉണ്ടെന്നു പറഞ്ഞ് അവർ എന്നെ കുറെ ഉപദേശിച്ചു .. ഞാൻ എന്റെ ന്യായീകരണങ്ങൾ എല്ലാം പറഞ്ഞു നോക്കി .. ജീവിതത്തിന്റെ അർത്ഥവും മനസ്സിന്റെ സന്തോഷവും അങ്ങനെ പല പോയിന്റും വെച്ച് നോക്കി .. പക്ഷെ അവർക്ക് അതോന്നും മനസ്സിലായില്ല ... തിന്നുതിന്നു എല്ലിന്റെ ഇടയിൽ കയറിയതിന്റെ എന്തോ അസുഖമാണ് എന്നിക്ക് എന്നാണ് അവർ മനസ്സിലാക്കിയത്‌ ...

വർഷങ്ങൾ ഒന്നുരണ്ട് അങ്ങനെയും പോയി .. മനസ്സിലെ ഘനം കൂടിക്കൂടി വന്നു .. ആയിടെയാണ് ഞാൻ എന്റെ ഒരു പഴയ സുഹൃത്തിന്റെ കാണുന്നത് .. അവൻ ഒരു കമ്പനി തുടങ്ങാൻ പോകുകയാണ് ... ഒരു സായിപ്പ് അവന്റെ കയ്യിലുണ്ട് ... അങ്ങേർക്കു നമ്മുടെ പണി ഇഷ്ടപ്പെട്ടാൽ പിന്നെ കമ്പനി വെച്ചടി വെച്ചടി കയറും .. അവന്റെ പദ്ധതി എനിക്കിഷ്ടപ്പെട്ടു ... ഉള്ള ജോലി കളഞ്ഞു അവന്റെ ഒപ്പം കൂടാൻ ഞാൻ തീരുമാനിച്ചു .. "ഇതാണെനിക്ക് വേണ്ടത്" എന്ന് മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു .. കണ്ണിക്കണ്ടാവർക്ക് പണി ചെയ്യാതെ സ്വന്തം സ്ഥാപനം ..! സ്വാതന്ത്രത്തിലേക്കുള്ള യാത്രയുടെ തുടക്കമായി എനിക്കത് തോന്നി ..

ആദ്യത്തെ ഒരു ആറുമാസം ചത്ത്‌ പണിയെടുക്കണ്ടേ വന്നു .. സായിപ്പ് ചിലപ്പോഴൊക്കെ ഓരോ കുറ്റം പറഞ്ഞു കാശ് പിടിക്കാൻ നോക്കും .. ഞങ്ങൾ കാലു പിടിച്ചു കുറച്ചെങ്കിലും മേടിച്ചെടുക്കും ... മെല്ലെ മെല്ലെ പണി കൂടിതുടങ്ങി .. സഹായത്തിനു ഞങ്ങൾ ഒന്നുരണ്ടു പേരെ വെച്ചു ... മെല്ലെ മെല്ലെ ആണെങ്കിലും കമ്പനി വളരുന്ന ലക്ഷണം കാണിച്ചു തുടങ്ങി .. പക്ഷെ എന്റെ മനസ്സ് അതിനൊപ്പം സന്തോഷിച്ചില്ല .. എന്ത് സ്വാതന്ത്രം പ്രതീക്ഷിച്ചാണോ ഞാൻ ഇവിടെ വന്നത് അതീ പരിസരത്തെങ്ങും ഇല്ലായിരുന്നു .. 24 മണിക്കൂറും സായിപ്പ് ഫോണിൽ വിളിച്ചാൽ അല്ലെങ്കിൽ ഉണ്ടായിരിക്കണം .. അവധി ദിവസങ്ങൾ പോട്ടെ ശനിയും ഞായറും കൂടെ എനിക്ക് വീട്ടിൽ പോവാൻ പറ്റാതായി ... കുറച്ച് കഴിഞ്ഞാൽ എല്ലാം ശരി ആവും എന്ന് പറഞ്ഞ് ഞാൻ പിടിച്ചു നിന്നു .. പക്ഷെ മനസ്സ് ദിനംപ്രതി ക്ഷയിച്ചുകൊണ്ടേയിരുന്നു . ഒരു ദിവസം സായിപ്പിന്റെ കാൾഎനിക്ക് എടുക്കാൻ തോന്നിയില്ലാ ... പിന്നെ അതൊരു പ്രശ്നമായി .. കൂട്ടുകാരാൻ ഇത്തിരി മുഖം കറുത്ത് സംസാരിച്ചു ... അത്രയംകാലത്തെ അധ്വാനം ഒക്കെ കാറ്റിൽ പറന്നപോലെ തോന്നി ... ഇനിയും അവിടെ നിന്നാ എന്റെ മനസ്സ് വീണ്ടും വഷളാവത്തേയുള്ളൂ എന്ന് മനസ്സിലാക്കിയ ഞാൻ കൂട്ടുകാരനോട് ഗുഡ്ബൈ പറഞ്ഞു പെട്ടിയും കിടക്കയും എടുത്തു വീട്ടിലേക്കു മടങ്ങി വന്നു .. അമ്മയോട് ഞാൻ പറഞ്ഞു .. "അമ്മെ .. ബിസിനസ്‌ പൊളിഞ്ഞു " ..

വീട്ടിൽ എല്ലാവർക്കും വലിയ ആശങ്കയായി .. എനിക്കും. കയ്യിൽ ആണെങ്കി ആകെ 5000 രൂപയുണ്ട്. മൊത്തം എട്ടു വർഷത്തെ അധ്വാനത്തിൽ ബാക്കിയുള്ളത് .. ! ഉടനെത്തന്നെ വേറെ ജോലി നോക്കാൻ വീട്ടുകാര് കുറേ നിർബന്ധിച്ചു .. എനിക്ക് ഒരു ജോലിക്ക് കയറുന്നത് ആലോചിക്കുമ്പോൾ തന്നെ മനസ്സ് പിടക്കുന്നുണ്ടായിരുന്നു .. അതുകൊണ്ടുതന്നെ ഞാൻ പുതിയ ജോലി നോക്കാൻ അമ്മയോട് രണ്ടു മാസത്തെ സാവകാശം ചോതിച്ചു ..

"എന്തിനാ നിനക്ക് രണ്ട് മാസം .. ഇപ്പൊ നോക്കിയാലക്കെ ഒന്നുരണ്ട് മാസത്തിനുള്ളിൽ വല്ലതും ശരിയാവൂ ?" അമ്മ കൂടെക്കൂടെ പറഞ്ഞികൊണ്ടേയിരുന്നു ..
"ഇവാൻ എന്തെങ്കിലും ആയിക്കോട്ടെ" എന്ന രീതിയിൽ അച്ഛൻ മൌനം പാലിച്ചു ..

ആ രണ്ടു മാസത്തേക്ക് ഞാൻ കുറച്ചു കണക്കുകൂട്ടലുകൾ നടത്തി .. ഈ രണ്ടുമാസം ഇഷ്ടമുള്ളത് മാത്രം ചെയ്യുക ... എന്തെങ്കിലും എഴുതുക, എന്തെങ്കിലും വരക്കുക, മേടിച്ച അന്നുതന്നെ താട്ടുംപുറത്തു വച്ച ഗിറ്റാർ എടുത്ത് പഠിക്കുക അങ്ങനെയങ്ങനെ .. അടുത്ത ദിവസം തന്നെ ഞാൻ ഗിറ്റർ എടുത്തു വൃത്തി ആക്കി വെച്ചു, ബ്ലോഗിൽ കേറി എന്തൊക്കെയോ കുറിച്ച് വെച്ചു.  അതിന്റെ അടുത്ത ദിവസം പരടിസോക്ക് വേണ്ടി ഫേക്ക് ഉണ്ടാക്കി, ടൌണിൽ പോയി വരക്കാൻ പെയിന്റ് വാങ്ങി കൊണ്ടുവന്നു .. അതിന്റെ അടുത്ത രണ്ടു ദിവസം വീട്ടിലെ  പല തിരക്കും കാരണം ഒന്നും നടന്നില്ല ...

പിന്നെപ്പിന്നെ ഒന്നിനും സമയം കിട്ടാതായി .. തിരക്ക് കാരണമല്ല. എന്തോ ഇഷ്ടമുള്ളത് ചെയ്യാൻ പോലും സമയം ഇല്ലാത്തത് പോലെ .. രാവിലെ എണീക്കുമ്പോൾ തന്നെ 12 ആവും .. പിന്നെ ടീവി ഒക്കെ കണ്ടിരുന്നു വൈകുന്നേരം ആവും .. ചുമ്മാ നടക്കാനിറങ്ങി തിരിച്ചെത്തുമ്പോൾ സമയം 8 ... വീണ്ടു ടീവി ... പാരടിസോ .. രാത്രി ... ഓരോ ദിവസം കഴിയുമ്പോഴും വിചാരിച്ച കാര്യം ഒന്നും നടക്കാത്തതിന്റെ കുറ്റബോധം കൂടിക്കൂടി വന്നു .. മടി എന്നെ മെല്ലെ കീഴ്പ്പെടുത്തുകയായിരുന്നു ... ഒരു മാസം പെട്ടാണ് പോയി ... പൊടിതട്ടിവെച്ച ഗിറ്റാർ അങ്ങനേ ഇരിക്കുന്നു .. മേടിച്ചു കൊണ്ടുവന്ന പോയിന്റ്‌ തുറന്നുപോലുമില്ലാ .. എന്റെ സ്വാതന്ത്രം മുന്പെങ്ങും അല്ലാത്ത പോലെ നഷ്ടപെട്ട പോലെ .. ഞാൻ പറയുന്നത് അനുസരിക്കാൻ ഞാൻ പാടുപെടുന്നു  ...

പ്രത്യേകിച്ച് ഒരു ഉത്തരവാദിത്വവുമില്ലാതെ .. ചെറുതാണെങ്കിലും എനിക്കിഷ്ടമുള്ളത് ചെയ്യാൻ സമയമുണ്ടായിട്ടും അത് ചെയ്യാൻ കഴിയാതെ നിസ്സഹായനായി ഒരുമാസം കൂടെ കടന്നുപോയി .. എനിക്കിഷ്ടമുള്ളത് ചെയ്യാൻ പോലും എന്നിൽനിന്നും അതുവാതമില്ലതെ ഞാൻ വിഷമിക്കുന്നു ... എന്റെ നിയന്ത്രണം എന്റെ കയ്യിൽ ഇല്ലാത്ത പോലെ ..  സ്വാതന്ത്രത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി വച്ചിരുന്ന വികലമായ കാഴ്ചപ്പാടുകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ ആപ്പോൾ .. 

പൂർണ്ണ സ്വാതന്ത്രം വെറും സങ്കല്പം മാത്രമാണ്. അതൊരിക്കലും എനിക്ക് സാധ്യമല്ല എന്ന് മനസ്സിലായി ... ആകെ സാധിക്കുന്നത് ഇതാണ് ...  ഒന്നെങ്കിൽ എനിക്കിഷ്ടമില്ലാത്ത എന്റെ മടിക്ക് അടിമയായി ജീവിക്കാം .. അല്ലെങ്കിൽ എനിക്കിഷ്ടമുള്ള എന്റെ ആഗ്രഹങ്ങൾക്ക് അടിമയായി ജീവിക്കാം ..

ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുക്കാൻ തീരുമാനിച്ചു ... ഞാൻ വീണ്ടും ജോലിക്ക് കയറി ..































No comments:

Post a Comment